2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

നേരിന്റെ ദുഖം - ഭാഗം രണ്ട്



കഥ 

              നേരിന്റെ ദുഖം - ഭാഗം രണ്ട് 


മനുക്കുട്ടൻ പഠിക്കുന്ന അതെ സ്കൂളിൽ തന്നെയാണ് സുധിക്കും അഡ്മിഷൻ കിട്ടിയത്.

കഴിഞ്ഞ ക്ലാസ്സുകളിലെല്ലാം നല്ല മാർക്കുണ്ടായിരുന്നത് കൊണ്ടാണത്രേ അഡ്മിഷൻ ഇത്രയും വേഗത്തിൽ
കിട്ടിയതെന്ന് അമ്മയോട് അച്ഛൻ പറയുന്നത് കേൾക്കുകയുണ്ടായി.

മനുക്കുട്ടനും പഠിക്കാൻ അത്ര മോശക്കാരനൊന്നുമല്ലെന്ന്  എനിക്കും നന്നായിട്ടറിയാം.

വറ്റിവരണ്ടു കിടന്നിരുന്ന പുഴ നാലോ അഞ്ചോ മഴ പെയ്തപോഴേക്കും കുലുങ്ങി ചിരിച്ചുകൊണ്ട് ഒഴുകാൻ തുടങ്ങി.

തെക്കുള്ളവര്ക്ക് " ഭാരതപുഴ " എന്നത് ഒരു അത്ഭുതമാണത്രെ..

മനവീടിന്റെ ചുറ്റും നല്ല ഭംഗിയുള്ള മതിലുയര്ന്നു.

മുൻവശത്തെ ഓടുകളെല്ലാം കളഞ്ഞു കോണ്ക്രീറ്റ് ആക്കി.
മുറ്റത്ത്‌ തണൽ വിരിച്ചിരുന്ന പ്രിയൂർമാവിന്റെ നീളത്തിൽ ചാഞ്ഞുകിടന്നിരുന്ന ശിഖരത്തിൽ കനംകൂടിയ
കയറൂഞ്ഞാൽ കെട്ടി ..

ഇപ്പോഴെന്താ പറയുക ..വീടാകെ മാറിപോയി ...
ഷീലാന്റി എന്നും മുറ്റത്തെ തുളസിത്തറയിൽ സന്ധ്യാദീപം തെളിയിച്ചുകഴിഞ്ഞാൽ അകത്തുനിന്നും വീണവായനയും കേള്ക്കാം ...
മറ്റാരുമല്ല സുധിയാണ് വായിക്കുന്നത് .
ഞാനും സുധിയും തമ്മിൽ പ്രായത്തിൽ വളരെ  മാറ്റമുണ്ടെങ്കിലും ഞങ്ങളുടെ സൌഹൃദം ദിവസങ്ങൾ തോറും ഏറിയേറി  വന്നു.
അടുത്തിടപഴകാനും ഞങ്ങള്ക്ക് ധാരാളം സമയവുമുണ്ട്.
കാലത്ത് ആറരമണിക്ക് വരുന്ന സ്കൂൾബസ് കിട്ടിയില്ലെങ്കിൽ പന്ത്രണ്ടു കിലോമീട്ടറിനപ്പുറത്തുള്ള സ്കൂളിൽ ഇവരെ കൊണ്ടെത്തിക്കുക
എന്നത് എന്റെയും കൈനറ്റിക് ഹോണ്ടയുടെയും ഒഴിച്ച്കൂടാനാകാത്ത ഒരു ബാദ്ധ്യതയാണ് 
.
.............................................................
ഞങ്ങളുടെ കിഴക്കേ പാടത്ത് കൊയ്ത്ത് കഴിഞ്ഞു മെതി ആരംഭിച്ചു.
പൂതനും തിറയും ചെണ്ടതിമില മദ്ദളത്തോടെ പുഴ കടന്നെത്തി...
ഇതുകണ്ട് ... എന്റെ തോളിൽ കയ്യിട്ടുകൊണ്ട് ഒരു ദിവസം സുധി പറഞ്ഞു ...
" ഹോ.....പേട്യാവുന്നന്കിൾ ....ഇതെന്താ ....? "
" നിനക്കെന്താടാ ഇത്രേം പേടി ...? "

 മനുക്കുട്ടന്റെ ചങ്ങാത്തം കൂടിയിരിക്കുന്നു .അതാണവന്റെ " ഡാ പോടാ " വിളികളിലൂടെ  മനസ്സിലാക്കാൻ കഴിയുന്നത്‌.
മിക്കവാറും എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക്ശേഷം ഞങ്ങൾ വില്വാദ്രിനാഥക്ഷേത്രത്തിലേക്ക് പോകാറുണ്ട്.
സുധിയുടെ സൈക്കിളിൽ മനുക്കുട്ടനും, എന്റെ സൈക്കിളിൽ ഞാനും സുധിയും.
ഇത്രയും ദിവസങ്ങൾക്കുള്ളിൽ തന്നെ അവനിവിടം വളരെ  ഇഷ്ട്ടപ്പെട്ടിരിക്കുന്നു.
ചില ദിവസങ്ങളിൽ ഞങ്ങളോടോപ്പമാണ് അവനുറങ്ങുന്നതുപോലും ..
പിന്നെ പിന്നെ അത് സ്ഥിരമായി.
ഭാരതപുഴയെകുറിച്ചും,പാണരെ കുറിച്ചും പൂതനെകുറിച്ചുമെല്ലാം ഞാനവനു പറഞ്ഞു കൊടുക്കാറുണ്ട് .
ഞാൻ സുധിയുമായി കൂടുതൽ സംസാരിക്കുന്നതും കളിക്കുന്നതുമെല്ലാം മനുക്കുട്ടന് ഇഷ്ട്ടപ്പെടുന്നില്ല എന്നൊരു തോന്നൽ എന്റെ
മനസ്സിൽ ഉയര്ന്നുവന്നു.
പെട്ടെന്ന് വിഷമം തട്ടുന്ന മനസ്സാണ് അവന്റെത്‌.
ഭയപ്പെട്ടതുപോലെതന്നെ ...ഒരു ദിവസം അവനെന്നോട് ചോദിച്ചു ..
" ചെട്ടായിക്കിപ്പോ ന്നോട് തീരെ ഇഷ്ട്ടല്ല്യാലേ ..? എപ്പൊഴുമതെ ചെട്ടായിക്കവനോടാ കൂടുതലിഷ്ട്ടം ..."
പാവം ...ശരിക്കും സങ്കടപ്പെട്ടിരിക്കുന്നു അവന്റെ മനസ്സ് ..കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
ഞാനവനെ ചേര്ത്തുനിർത്തി, മുടിയിഴകളിലൂടെ തലോടികൊണ്ട് പറഞ്ഞു...
" മോനെന്താ ...ഇങ്ങിനൊക്കെ പറയണേ....ചേട്ടായിക്ക് മനുക്കുട്ടൻ കഴിഞ്ഞിട്ടെയുള്ളു ബാക്ക്യെല്ലാരും...ന്താ സംശയണ്ടോ കുട്ടന് ....? "
കുറച്ചുനേരം എന്നെ തന്നെ നോക്കിനിന്നശേഷം അവനെന്റെ കഴുത്തിലൂടെ കയ്യിട്ട് കവിളിൽ ഒരുമ്മ തന്നശേഷം പറഞ്ഞു..
" പ്പോ ...ട്ടും സംശ്യല്ല്യ ട്ടോ .." ഞാനവന്റെ കണ്ണുകൾ തുടച്ചുകൊടുത്തപ്പോൾ .... മുഖത്തൊരു മന്ദഹാസം വിടര്ന്നു ..എന്റെ മനസ്സിനും ഒരു സുഖം .
മഴ ഇല്ലാതിരുന്നിട്ട് പോലും പുഴയിൽ വെള്ളം കൂടി.
മലവെള്ളമാണത്രേ ..
പാല് കൂടുതൽചേര്ത്ത ചായ പോലെയാണിപ്പോൾ പുഴയിലെ വെള്ളം.
കരന്റില്ലാതിരുന്ന ഒരു രാത്രി ...........
അറുമുഖന്റെ കുടിലിൽ നിന്നുമാകണം വീക്ക് ചെണ്ടയിലുതിര്ക്കുന്ന നാദം..രാത്രിയുടെ നിശബ്ധതയിലൂടെ ഒഴുകിവരുന്നത്‌ .
ഉറക്കത്തെ കണ്ണിലേക്കു സാഗതം ചെയ്യാനായി നല്ലകാര്യങ്ങൾ മാത്രം ആലോചിക്കാൻ ശ്രമിച്ചുകൊണ്ട്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു.
മനുക്കുട്ടന്റെ കൂക്കംവലി ചെണ്ടനാദത്തിനുള്ള ശ്രുതിപോലെ താളാത്മകമായി കേൾക്കുന്നുണ്ട് .
എന്നുമതെ ....കിടക്കേണ്ട താമസമേയുള്ളൂ അവനുറങ്ങാൻ.
ഞാനും മയക്കം പിടിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളൂ .
കാതിൽ വന്നടിക്കുന്ന തേങ്ങലുകൾ .........
അതിന്റെ ഉറവിടത്തിനായി കുറച്ചു നേരം കാതുകൂര്പ്പിച്ചു കിടന്നു..
മനുകുട്ടന് ഉറക്കത്തിൽ കരയുന്ന സ്വഭാവം ഉണ്ടെങ്കിലും, ഇതവനല്ല...
അവനാകട്ടെ കാലുകൾക്കിടയിൽ കൈ പിണച്ചുവെച്ച് 
സുഖമായുറങ്ങുകയാണ് .
ഏതോ സുന്ദരസ്വപ്നത്തിലാണെന്നു തോന്നുന്നു..ചുണ്ടിൽ ഒരു മന്ദഹാസവും തെളിഞ്ഞുവരുന്നുണ്ട്.
പാവം ...നല്ല ഉറക്കമാണ് ..അവന്റെ തലമുടിയിലൂടെ പതുക്കെ തലോടി കൊടുത്തു .
തലയിണക്കടിയിൽ നിന്നും ടോർച്ചെടുത്ത്‌ തെളിയിച്ചപ്പോൾ,...
ഉറങ്ങാതെ മുകളിലേക്കും നോക്കി കിടക്കുകയാണ് സുധി ..അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു ....
" എന്താ സുധീ ...ഉറങ്ങിയില്ലേ ...എന്തിനാ കരയണേ .... വല്ല സ്വപ്നോം കണ്ടോ നീ ..? "
എനിക്കുത്തരം തരാതെ അവൻ പുറം തിരിഞ്ഞു കിടന്നു.
ഏങ്ങലടി വീണ്ടും തുടര്ന്നു
.
അവനെ എന്നോട് ചേര്ത്തു കിടത്തി വീണ്ടും വീണ്ടും ഞാൻ ചോദ്യം ആവര്ത്തിച്ചു.
കുറെ തവണ ചോദ്യം ആവര്ത്തിച്ചത്കൊണ്ടാകണം.....
തേങ്ങലോടെ...കുറെ നേരം എന്റെ മുഖത്തേക്കും നോക്കി കിടന്നു.
കുറച്ചു നേരത്തിനു ശേഷം അവൻ എന്നോട് ചോദിച്ചു ...
" അങ്കിൾ .....അങ്കിൾ ..എന്നെ ഒര്ഫനെജിനാണോ വാങ്ങിയത് ...? ക്ലാസ്സിൽ എല്ലാരും പറയ്വ ...എനിക്കച്ചനും അമ്മേം ആരും ഇല്ലാന്ന് .
നേരാണോന്കിൾ ...? "
എന്റെ മറുപടി കേള്ക്കാനായി അവൻ വളരെ ആഗ്രഹിക്കുന്നുണ്ടെന്നു ആ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് മനസ്സിലായി.
ഓർക്കാപ്പുറത്ത് കേട്ട ചോദ്യമാണെങ്കിലും ഒരു സംശയം മുളപൊട്ടാതിരുന്നില്ല...
ഏയ്‌ ...അങ്ങന്യൊന്നും ആവില്ല ..ഞാൻ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
" ആരാ സുധ്യോട്  ഈ നുണയൊക്കെ പറഞ്ഞെ ...? "

                                         ( തുടരും )